Monday 13 July 2020




കൊവിഡ് ബാധിച്ച് മരിച്ച ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു

By Akhila Vipin .04 Jun, 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച മരിച്ച വൈദികൻ ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു. കുമാരപുരം സെന്റ് തോമസ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് വൈദികന്റെ സംസ്‌കാരം നടന്നത്. ഓർത്തഡോക്‌സ് സഭയുടെതിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയസിന്റെ നേതൃത്വത്തിൽ വൈദികർ കുഴിത്തലയ്ക്കൽ മതാചാര പ്രകാരമുള്ള അന്ത്യകർമങ്ങൾ നടത്തി. തുടർന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ചേർന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്‌കാര നടപടികൾ പൂർത്തിയാക്കിയത്. 

 

സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയിരുന്നു. മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുടിവെള്ള പ്രശ്‌നമുണ്ടെന്നും മണ്ണെടുത്തുള്ള സംസ്‌കാരം കിണറുകളിൽ മലിന്യമെത്തിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ അത്തരത്തിലുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മൃതദേഹം തീരുമാനിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കുമെന്നും സ്ഥലം എംഎൽഎ വി.കെ.പ്രശാന്തും, മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി. അതേസമയം, നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വർഗീസ് ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. നിലവിൽ തിരുവനന്തപുരത്ത് 61 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.