Sunday 07 June 2020




'നാശം വിതച്ച് കൊറോണ', മരണം 95,000 കടന്നു; യുഎസിൽ സ്ഥിതി അതീവ ഗുരുതരം

By Sooraj Surendran.10 Apr, 2020

imran-azhar

 

 

ന്യൂയോർക്ക്: ലോക രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ച് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. ആഗോളതലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 95,717 ആയി. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,603,692 കടന്നു. 356,496 പേർക്ക് രോഗം പൂർണമായും ഭേദമായി. അതേസമയം കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈന പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരികയാണ്. വുഹാനിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചു.

 

കൊറോണ വൈറസ് ബാധ ഏറ്റവുമധികം രൂക്ഷമായി ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 468,566 പേർക്കാണ് രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 16,691 പേർ മരിച്ചപ്പോൾ, 25,928 പേർക്ക് രോഗം പൂർണമായും ഭേദമായി. 425,947 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 10,011 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരണനിരക്കിൽ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെയുള്ള റിപ്പോർട്ട് അനുസരിച്ച് 18,279 പേരാണ് ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്. 143,626 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 85,610 നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 7,371 പേരുടെ നില ഗുരുതരമാണ്.

 

സ്പെയ്നിലെയും, ഫ്രാൻസിലെയും, ജർമനിയിലെയും സ്ഥിതിയും സമാനമാണ്. സ്‌പെയിനിൽ 153,222 പേർക്കും, ജർമനിയിൽ 118,235 പേർക്കും, ഫ്രാൻസിൽ 117,749 പേർക്കും ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചു. 15,447 പേരാണ് സ്‌പെയിനിൽ മരിച്ചത്. ജർമനിയിൽ 2,607 പേരും, ഫ്രാൻസിൽ 12,210പേരും മരണത്തിന് കീഴടങ്ങി. സ്‌പെയിനിൽ 85,610 പേരും, ജർമനിയിൽ 63,221 പേരും, ഫ്രാൻസിൽ 82,333 പേരും നിലവിൽ ചികിത്സയിലുണ്ട്. സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലായി 19,332 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.