Monday 11 December 2017

കോട്ടയത്ത് വീണ്ടും സി പി എം~ കേരള കോണ്‍ഗ്രസ് ധാരണ

By praveen prasannan.19 May, 2017

imran-azhar

കോട്ടയം: കോട്ടയത്ത് വീണ്ടും സി പി എം കേരള കോണ്‍ഗ്രസ്(എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് വീണ്ടും സി പി എം കേരള കോണ്‍ഗ്രസിനെ പിന്‍തുണച്ചത്.

കേരള കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്‍തുണയോടെ വിജയിച്ചു. കേരള കോണ്‍ഗ്രസിന്‍റെ ആറ് അംഗങ്ങള്‍ക്ക് പുറമെ സി പി എമ്മിന്‍റെ ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്തു.

സി പി ഐ അംഗവും പി സി ജോര്‍ജ് പിന്‍തുണയ്ക്കുന്ന അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഭാഗമായുളള ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

കേരള കോണ്‍ഗ്രസ്~ കോണ്‍ഗ്രസ് ധാരണ പ്രകാരം നിലവില്‍ ഒഴിവ് വന്ന സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരണകള്‍ തെറ്റിച്ച കേരള കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് സി പി എം പിന്‍തുണ ഉറപ്പുവരുത്തുകയായിരുന്നു. മൊത്തം 22 അംഗങ്ങളുള്ള കൌണ്‍സിലില്‍ എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സി പി എമ്മിനും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളുണ്ട്.

ഇപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.