Friday 22 February 2019


ടി.പി. സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

By Online Desk .11 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്റലിജന്‍സ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂര്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് അന്നത്തെ ഇന്റലിജിന്‍സ് ഡി.ജി.പി സെന്‍കുമാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

 

ഓഡിയോ - വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണല്‍ മാഫിയ ബന്ധം,മൂന്ന് ബലാത്സംഗ കേസുകള്‍ പണം വാങ്ങി ഒതുക്കി എന്നിവയായിരുന്നു പൊലീസുകാര്‍ക്കെതിരായ ആരോപണം. ഡി.വൈ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അറിവോടെ ആയിരുന്നു പൊലീസുകാരുടെ നിയമലംഘനങ്ങളെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

എന്നാല്‍ സെന്‍കുമാര്‍ തുടര്‍ നടപടി സ്വീകരിക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നു കാണിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്സ് തൃശൂര്‍ റേഞ്ച് ഐ.ജിയോട് പരാതി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഐ.ജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം .അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു .