Saturday 06 June 2020




ഇറ്റലിക്ക് കൈത്താങ്ങാകാൻ ക്യൂബ

By Online Desk .23 Mar, 2020

imran-azhar

 

ഹവാന: കോവിഡ് 19 വ്യാപകമാകുന്ന ഇറ്റലിക്ക് കൈത്താങ്ങാകാൻ ക്യൂബ. ഇറ്റലിയെ സഹായിക്കാൻ ഡോക്ടർമാരെയും നഴ്സുമാരെയും അയച്ച് ക്യൂബ. ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവൻ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. ഇറ്റലിയിൽ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാർഡി മേഖലയിലാണ് അഭ്യർഥന അനുസരിച്ച് ക്യൂബൻ മെഡിമെഡിക്കൽ സംഘം പ്രവർത്തിക്കുക. 1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് വെളുത്ത കുപ്പായക്കാരുടെ സൈന്യത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി ക്യൂബ അയയ്ക്കാറുണ്ട്. എയർപോർട്ടിൽ വന്നിറങ്ങിയ ക്യൂബൻ സംഘത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്.

 


വിദഗ്ധരടങ്ങിയ ആറാമതു സംഘത്തെയാണു ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം അയച്ചത്. സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബൻ സംഘം കൊറോണയ്ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ടെന്നും അതിനാൽ ഭയത്തെ ഒരു ഭാഗത്തേക്കു മാറ്റി നിർത്തുകയാണെന്നും ക്യൂബൻ സംഘത്തിലെ ഇന്റൻസീവ് കെയർ സ്പെഷലിസ്റ്റ് ലിയോണാർഡോ ഫെർണാണ്ടസ് രാജ്യാന്തര വാർത്താ ഏജൻ‌സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. ഞങ്ങൾ സൂപ്പർ ഹീറോകളല്ല. റെവല്യൂഷനറി ഡോക്ടർമാരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വിദേശത്തുള്ള ഡോക്ടർമാരെ മാറ്റിനിർത്തിയാൽ പോലും ലോകത്തിൽ ഏറ്റവുമധികം ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തം നാട്ടിലും കൊറോണ വൈറസിനെതിരായ പ്രതിരോധം നടത്തുന്നുണ്ട് ക്യൂബയിലെ ഡോക്ടർമാർ. ക്യൂബയിൽ ഇതുവരെ 25 കൊറോണ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസ് ഭീഷണിയുള്ളതിനാൽ ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുമെന്ന് പ്രസിഡന്റ് മിഗ്വൽ ദയസ് കാനൽ അറിയിച്ചു.