Sunday 21 January 2018

വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനം: തോമസ് ചാണ്ടി

By praveen prasannan.14 Nov, 2017

imran-azhar

കൊച്ചി : കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കോടതി വിധി പ്രതികൂലമല്ല. വിധിപ്പകര്‍പ്പ് ലഭിക്കുന്പോള്‍ തനിക്ക് പ്രതികൂലമാണെന്ന് കണ്ടാല്‍ രാജി വയ്ക്കും.

ഉണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു.കോടതിയുടെ പരാമര്‍ശം വിധിയല്ല. പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ല.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ തോമസ് ചാണ്ടിക്ക് കടുത്ത വിമര്‍ശനങ്ങളാണുണ്ടായിരുന്നത്. ദന്ത ഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്.

ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് ആദ്യം കോടതി ചോദിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്ന് വാദം കേട്ട ശേഷമാണ് കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായത്.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ രണ്ടിടത്താണ് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നത്. ഇത്തരമൊരു ഹര്‍ജിയുമായി കോടതിയിലെത്തേണ്ടിയിരുന്നില്ല. റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കളക്ടറെ സമീപിച്ച് ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി പറഞ്ഞു.