Thursday 04 March 2021




സമരഭൂമിയിലേക്ക് മടങ്ങി കര്‍ഷകര്‍, ഡല്‍ഹി പഴയ നിലയിലേക്ക്

By Veena Viswan.26 Jan, 2021

imran-azhar

 

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുകയാണ്. ഇതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് വരികയാണ്. ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.

 

സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സമരം റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അഞ്ച് കമ്പനി അര്‍ദ്ധസൈനികരെ കൂടി തലസ്ഥാനത്ത് വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

 

ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. 

 

മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽനിന്നുമാറി നൂറുകണക്കിന് കർഷകർ പോയത് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയിൽ ഒരു ബസ് കർഷകർ നശിപ്പിച്ചു. അതിർത്തിയിൽ പലയിടത്തും കർഷകർ ബാരിക്കേഡുകൾ മറികടന്നു. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രം ട്രാക്ടർ പരേഡ് നടത്താനുള്ള അനുമതിയാണ് ഡൽഹി പൊലീസ് നൽകിയത്.