Sunday 16 December 2018


ഡല്‍ഹിയില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒന്നാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി

By Anju N P.25 Jan, 2018

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹി ഷഹ്ദരയില്‍ സ്‌കൂള്‍ വാന്‍ തടഞ്ഞ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ രണ്ടംഗ സംഘം കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാനിനെ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് തടഞ്ഞത്. അക്രമികളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ വാന്‍ ഡ്രൈവര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു.

 

ശേഷം കുട്ടിയുമായി ബൈക്കില്‍ രക്ഷപ്പെട്ടു. കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യുപി ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നും ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

 

സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആവാം കിഡ്നാപ്പിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

 

പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിച്ച് ബന്ധുക്കള്‍ക്ക് ഇതുവരെ അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഫോണ്‍ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.