Saturday 06 June 2020




'വിധവയായി ജീവിക്കാൻ താത്പര്യമില്ല'; നിർഭയ കേസിലെ പ്രതിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു

By Sooraj Surendran .19 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ വധ ശിക്ഷ കാത്ത് കഴിയുന്ന അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വിധവയായി ജീവിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത വിവാഹമോചനം ആവശ്യപ്പെട്ട് ബിഹാര്‍ ഔറംഗാബാദിലെ കോടതിയെ സമീപിച്ചത്. മാർച്ച് 20 ന് പുലർച്ചെ 5.30 നാണ് നിർഭയ കേസിലെ മുഴവൻ പ്രതികളെയും തൂക്കിലേറ്റാൻ ഒടുവിൽ വിധിച്ചിരിക്കുന്നത്.

 

ഭർത്താവ് പീഡനക്കേസിൽ പ്രതിയായാൽ ഹിന്ദു ആക്‌ട് പ്രകാരം വിവാഹമോചനം ആവശ്യപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് പുനിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 2012 ഡിസംബര്‍ 16നാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പെൺകുട്ടി ബസിൽ ക്രൂര ബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.