Sunday 07 June 2020




രാജ്യതലസ്ഥാനത്ത് കോളേജ് കാമ്പസിനുള്ളിൽ വിദ്യാര്‍ഥിനികള്‍ക്കെതിരെ കൂട്ട ലൈംഗികാതിക്രമം

By Sooraj Surendran .09 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിലെ ഗാര്‍ഗി കോളേജിലെ വിദ്യാർത്ഥിനകൾ കൂട്ട ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതായി ആരോപണം. ഫെബ്രുവരി ആറാം തീയതി നടന്ന കോളേജ് വാർഷികാഘോഷപരിപാടികൾക്കിടെയാണ് സംഭവം. പുറത്തുനിന്നും അതിക്രമിച്ച് കോളേജിനുള്ളിലേക്ക് കടന്ന സംഘമാണ് വിദ്യാർത്ഥിനികളെ ശാരീരികമായി ഉപദ്രവിച്ചത്. വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. "അപ്രതീക്ഷിതമായി ക്യാമ്പസിനുള്ളിലേക്ക് ഇരച്ചുകയറിയ ചിലർ തന്റെ പിൻ ഭാഗത്തും മാറിടത്തും കയറിപ്പിടിച്ചു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളേജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല, എന്റെ ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്"-ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ സാമൂഹ്യ മാധ്യമ കുറിപ്പാണിത്.

 

അതേസമയം കോളേജിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും, ഐഡി പരിശോധിക്കാതെ എല്ലാവരെയും ക്യാമ്പസിനുള്ളിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. കാമ്പസിലെ ഒരു ഭാഗം പൂര്‍ണമായും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ അതിന് പുറത്തുകടന്നത് അവരുടെ ഇഷ്ടപ്രകാരമായിരിക്കാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ കോളേജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.