Sunday 31 May 2020




ഡല്‍ഹി കാന്‍സര്‍ ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ക്ക് കോവിഡ്

By Online Desk .03 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹി കാന്‍സര്‍ ആശുപത്രിയിലെ രണ്ടു നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 31ന് ഇവിടത്തെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഈ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ആശുപത്രി അണുവിമുക്തമാക്കുകയും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ രണ്ടു നഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. 
നേരത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഒരു ഡോക്ടര്‍ക്ക് കോവിഡ് പിടിപെട്ടത്. ഇയാളുടെ ഭാര്യക്കും മകള്‍ക്കും കോവിഡ് ബാധ കണ്ടെത്തി. മറ്റൊരു ഡോക്ടര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ വ്യാഴാഴ്ച 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 295 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.