Sunday 07 June 2020




ഡൽഹി കലാപം: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കും, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

By Sooraj Surendran .27 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുക. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിംഗ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ രാഷ്ട്രീയം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

 

കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതവും, വീടുകളും കച്ചവട സ്ഥാപനങ്ങളും കത്തിനശിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും ഇ റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക.