Sunday 07 June 2020




ഡൽഹി കലാപം: മരണസഖ്യ 45 കടന്നു, പരിക്കേറ്റവരുടെ നില അതീവ ഗുരുതരം

By Sooraj Surendran.01 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത. 42 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കലാപത്തിൽ തകർന്ന കെട്ടിടങ്ങളുടെയും, വീടുകളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നഗരസഭാ അധികൃതർ പറഞ്ഞു.

 

അതോടൊപ്പം അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ ഉണ്ടായിരിക്കുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഡൽഹിയിലെ വിവിധയിടങ്ങളിൽ നിന്നായി മൂന്ന് മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. ഗോകുല്‍പുരി പോലീസ് സ്‌റ്റേഷനു സമീപത്തുനിന്നും മറ്റൊന്ന് അഴുക്കുചാലില്‍നിന്നും മൂന്നാമത്തെ മൃതദേഹം കനാലില്‍നിന്നുമാണ് കണ്ടെത്തിയത്.

 

ഡൽഹിയിൽ നടന്ന കലാപത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിരുന്നൊരുക്കിയ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കലാപത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാര തുകകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതവും, വീടുകളും കച്ചവട സ്ഥാപനങ്ങളും കത്തിനശിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും ഇ റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.