Sunday 07 June 2020




ഡൽഹി കലാപം: ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

By Sooraj Surendran .27 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പ്രാദേശിക നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. താഹിറിന്റെ വീട്ടിൽ നിന്നും മാരകായുധങ്ങളും, പെട്രോൾ ബോംബ് അടക്കമുള്ള വസ്തുക്കളും കണ്ടെത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് നിലവിൽ താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് ചിലര്‍ വെടിയുതിർത്തതായും ദൃക്‌സാക്ഷികൾ പറയുന്നു. താഹിറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോകളും പ്രചരിച്ചിരുന്നു. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറാണ് താഹിർ ഹുസൈൻ. താഹിർ ഹുസൈന്റെ വീട് പോലീസ് സീൽ ചെയ്തു. കൊലപാതകം, തീവയ്‌പ്‌, സംഘർഷം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. വീടിന് പുറമെ താഹിറിന്റെ ഫാക്ടറിയും പോലീസ് സീൽ ചെയ്തു. എഎപി പ്രവർത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് അങ്കിതിന്‍റെ പിതാവും ഐബി ഉദ്യോഗസ്ഥനുമായ രവീന്ദർ ശർമയും ആരോപിച്ചിരുന്നു.