Friday 10 April 2020




സങ്കടക്കടലായി ഇളവൂർ... ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ചു

By Sooraj Surendran.28 Feb, 2020

imran-azhar

 

 

കൊല്ലം: നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ വീണ് മരിച്ച ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെ വീട്ടിലെത്തിച്ചു. പൊന്നു മോളെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് ഇളവൂരിലെ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ എത്തിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദർശനത്തിന് വെക്കും. ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ദേവനന്ദയുടെ ശ്വാസകോശത്തിലും, വയറ്റിലും ചെളിയും, വെള്ളവും കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്ന തെളിവുകളൊന്നും തന്നെ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ പോലീസിന് കൈമാറി.

 

വെള്ളിയാഴ്ച രാവിലെയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതാകുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങവേയാണ് സംഭവം. തുണി അലക്കലിന് ശേഷം ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് പോലീസിന്റെയും, അഗ്നിശമന സേനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയോടെ സമീപത്തെ ആറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തുന്നത്.