Tuesday 19 March 2024




ദേവനന്ദയുടെത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തി

By Sooraj Surendran.28 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടേത്‌ മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ദേവനന്ദയുടെ ശ്വാസകോശത്തിലും, വയറ്റിലും ചെളിയും, വെള്ളവും കണ്ടെത്തി. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദേവനന്ദ നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്.

 

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയാണ് ദേവനന്ദയെ സമീപത്തെ ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേവനന്ദയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് രാത്രിയോടെ നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ നാട്ടുകാർ തടിച്ചുകൂടി. പോലീസിന്റെയും, അഗ്നിശമന സേനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ദേവനന്ദയെ കാണാനില്ലെന്ന വിവരം പ്രമുഖ സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ പോലീസിന് കൈമാറി.