Wednesday 08 April 2020




അനാവശ്യ അറസ്റ്റ് ഒഴിവാക്കണമെന്ന് ഡിജിപി

By online desk.05 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവിടങ്ങളില്‍നിന്ന് മദ്യം വാങ്ങി കഴിക്കുന്ന ആളുകളെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്തു പെറ്റി കേസ് എടുക്കരുതെന്നു പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം. മദ്യപന്‍മാരെ പൊലീസ് അനാവശ്യമായി അറസ്റ്റു ചെയ്ത് പെറ്റികേസ് എടുക്കുന്നതായി ആരോപിച്ചു സുരേഷ് ബാബുവെന്ന വ്യക്തി മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.

 

മദ്യപന്‍മാര്‍ക്കെതിരെ നിയമപരമായി മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും ആനാവശ്യമായി ആരെയും ബുദ്ധിമുട്ടിക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി നേരത്തെ ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവില്‍ വ്യക്തമാക്കി.

 

മദ്യപിച്ചു എന്ന ഒറ്റകാരണത്താല്‍ ജനങ്ങളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കേസ് റജിസ്റ്റര്‍ ചെയ്യുന്നതു സേനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നു തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ജില്ലകളിലും സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. സമാധാന ലംഘനം നടത്തുന്നവരെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും സമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.