Tuesday 17 October 2017

സ്വന്തം പ്രസവത്തിന് തൊട്ട് മുന്പ് മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് ഡോക്ടര്‍ താരമായി

By praveen prasannan.02 Aug, 2017

imran-azhar

ന്യൂയോര്‍ക്ക് : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡോക്ടര്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ മറ്റൊരു ഗര്‍ഭിണിയുടെ പ്രസവമെടുത്തു. ഡോക്ടര്‍ അമാന്‍ഡ ഹസന്‍ ആണ് ഇപ്പോള്‍ പ്രസവിക്കും എന്ന നിലയിലായിരിക്കെ മറ്റൊരു യുവതിയുടെ പ്രസവമെടുത്തത്.

ഡോക്ടര്‍ അമാന്‍ഡയെ രണ്ടാമത്തെ പ്രസവത്തിനായി അവര്‍ ജോലി ചെയ്യുന്ന ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചത്. ഈ അവസരത്തിലാണ് മറ്റൊരു ഗര്‍ഭിണിയുടെ കുഞ്ഞ് അല്‍പ്പം പുറത്തേക്ക് വന്നിട്ടും പ്രസവം നടക്കാതെ പുളയുന്നത് കണ്ടത്.

ഉടന്‍ കുഞ്ഞിനെ പുറത്തെടുത്തില്ലെങ്കില്‍ അപകടമാണെന്ന് മനസിലാക്കിയ ഡോക്ടര്‍ കുപ്പായമെടുത്തിട്ടു. സ്വന്തം പ്രസവം നടക്കാന്‍ മിനിട്ടുകളെ ഉള്ളൂവെന്ന് അറിയാമായിരുന്നിട്ടും അമാന്‍ഡ മറ്റൊരു ഗര്‍ഭിണിയെ പ്രസവിക്കാന്‍ സഹായിച്ച അമാന്‍ഡയുടെ വിവരം മറ്റൊരു ഡോക്ടറായ ഡോ ഹാല സാബ്രിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അരിയിച്ചു.

കുഞ്ഞിനെയും കയ്യിലെടുത്ത് നില്‍ക്കുന്ന ഈ സുന്ദരി ഒരു മോഡലല്ലെന്നും ഒരു ഡോക്ടറാണെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സ്വന്തം പ്രസവത്തിന് നിമിഷങ്ങള്‍ ശേഷിക്കെ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് കുഞ്ഞിന്‍റെയും യുവതിയുടെയും ജീവന്‍ രക്ഷിച്ച വീരനായികയാണെന്നും കുറിപ്പിലുണ്ട്. ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.