Sunday 07 June 2020




ഡൽഹി ശാന്തം... വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് പോലീസ്

By Sooraj Surendran.01 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്. നിലവിൽ ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഡൽഹി പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടോടെ ചില സ്ഥലങ്ങളില്‍ ആക്രമണങ്ങൾ ഉണ്ടായെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തിലക് നഗർ, നൻഗോലി, സുരാജ്മൽ സ്റ്റേഡിയം, ബദർപുർ, തുഗ്ലക്കാബാദ്, ഉത്തംനഗർ, നവാഡ സ്റ്റേഷനുകൾ അടച്ചെങ്കിലും പിന്നീട് തുറന്നു. ഡല്‍ഹി മെട്രോ സാധാരണ നിലയിലായെന്നും ഡിഎംആര്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഡൽഹിയിലെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു.