Sunday 09 August 2020
ഇഷ്ടക്കാരന് ഇളവ് നല്‍കിയ ട്രംപ്

By Web Desk.13 Jul, 2020

imran-azhar

 

 

2016ലെ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷണത്തെ തടസപ്പെടുത്തിയതിന് ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല ഉപദേശകനായിരുന്ന റോജര്‍ സ്റ്റോണിന് ലഭിച്ച 40 മാസം തടവുശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവു ചെയ്തു കൊടുത്തിരിക്കുകയാണ്. അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോപണത്തെക്കുറിച്ച് രണ്ടു വര്‍ഷം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റോബര്‍ട്ട് മുള്ളര്‍. 'റോജര്‍ സ്റ്റോണ്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയായി' തുടരുമെന്ന തലക്കെട്ടില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് മുള്ളര്‍ ട്രംപിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 'പ്രത്യേക ഉപദേഷ്ടാവിന്റെ ഓഫീസിലെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട്, കുറ്റപത്രം, കുറ്റവാളികള്‍, ശിക്ഷകള്‍ - എന്നിവയെല്ലാം സ്വയം സംസാരിക്കണം' എന്ന് അദ്ദേഹം എഴുതി. അന്വേഷണം നിയമവിരുദ്ധമാണെന്നും ഞങ്ങളുടെ ഉദ്ദേശങ്ങള്‍ അനുചിതമാണെന്നും ഉള്ള വലിയ തരത്തിലുള്ള അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. റോജര്‍ സ്റ്റോണ്‍ ഞങ്ങളുടെ ഓഫീസിന്റെ ഇരയാണെന്ന് പ്രത്യേക അവകാശവാദങ്ങളോട് പ്രത്യേകിച്ചും വ്യക്തമായിത്തന്നെ പ്രതികരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


'ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിനാലാണ് സ്റ്റോണ്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്. എന്നാല്‍ ഡെമോക്രാറ്റുകളില്‍ നിന്നും ചില മുതിര്‍ന്ന റിപ്പബ്ലിക്കന്‍മാരില്‍ നിന്നുമുള്ള എതിര്‍പ്പ് വകവയ്ക്കാതെ തന്റെ ദീര്‍ഘകാല സുഹൃത്തിനെ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് രക്ഷിച്ചത്. മൂന്ന് വര്‍ഷത്തെ തടവായിരുന്നു ഫെഡറല്‍ ജഡ്ജി ആമി ബെര്‍മന്‍ ജാക്‌സണ്‍ സ്റ്റോണിന് വിധിച്ചത്. അന്നുതന്നെ വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. കേസ് പരിഗണിച്ച ജൂറിയുടെ കടുത്ത ട്രംപ് വിരുദ്ധതായാണ് താന്‍ ശിക്ഷിക്കപ്പെടാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ട് പുതുതായി വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോണ്‍ ഏപ്രിലില്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബെര്‍മന്‍ ജാക്‌സണ്‍ ആ വാദവും തള്ളി. അതോടെ സ്റ്റോണിനെ ജോര്‍ജ്ജിയയിലെ ജീസപ്പിലുള്ള ഫെഡറല്‍ ജയിലിലേയ്ക്ക് പോകേണ്ടതായിരുന്നു.


'2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഹിലാരി ക്ലിന്റനെക്കുറിച്ചുള്ള വ്യാജ ഇമെയിലുകള്‍ പുറത്തുവിട്ട വെബ്സൈറ്റായ വിക്കിലീക്സുമായി സ്റ്റോണിന് ബന്ധമുണ്ടെന്നും, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ കാമ്പയ്ന്‍ നടത്തി എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും' മുള്ളര്‍ എഴുതി. റഷ്യന്‍ സര്‍ക്കാരും ട്രംപ് പ്രചാരണ ഉദ്യോഗസ്ഥരും തമ്മിലുള്ള നിരവധി ബന്ധങ്ങളും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ, ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ അതില്‍ നിന്ന് നേട്ടമുണ്ടാകുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായും ആ ഫലം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ചതായും അന്വേഷണം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1970 മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് റോജര്‍ സ്റ്റോണ്‍.1990കളില്‍ ട്രംപിന്റെ കാസിനോ ബിസിനസിന്റെ സേവകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രംപിന്റെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരില്‍ ഒരാള്‍ മാത്രമായിരുന്നു സ്റ്റോണ്‍. മൈക്കല്‍ കോഹന്‍, പോള്‍ മനാഫോര്‍ട്ട്, മൈക്കല്‍ ഫ്‌ലിന്‍ തുടങ്ങി ട്രംപിന്റെ അടുപ്പക്കാരായ മറ്റു പലരും സ്റ്റോണിനൊപ്പം ശിക്ഷിക്കപ്പെട്ടിരുന്നു.

 

ആരാണ് റോജര്‍ സ്റ്റോണ്‍?


67 കാരനായ സ്റ്റോണ്‍, ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്താണ്. രാഷ്ട്രീയത്തിലെ ഇരുണ്ട കലകളുടെ മാസ്റ്റര്‍ എന്ന് മാദ്ധ്യമങ്ങള്‍ വിളിക്കും. റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാലം മുതല്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ നിന്നും ചരട് വലിച്ചിരുന്ന ആള്‍. 37-ാമത്തെ പ്രസിഡന്റ് നിക്‌സന്റെ ചിത്രം പുറത്ത് ടാറ്റൂ ചെയ്ത, ഇപ്പോഴും നിക്‌സന്റെ പ്രശസ്തമായ ആഹ്ലാദ പ്രകടനം അനുകരിക്കുന്ന, 'ഡേര്‍ട്ടി ട്രിക്ക്സ്റ്റര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് റോജര്‍ സ്റ്റോണ്‍.

 

റോജര്‍ സ്റ്റോണിന്റെ പേരിലുള്ള കുറ്റം


2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച സമിതിക്ക് മുന്നില്‍ നുണ പറഞ്ഞെന്നും സാക്ഷിയെ ഭീഷണിപെടുത്തി മൊഴിമാറ്റാന്‍ പ്രേരിപിച്ചുവെന്നുമാണ് സ്റ്റോണിനെതിരായ കുറ്റം. 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഹിലാരി ക്ലിന്റനെക്കുറിച്ചുള്ള വ്യാജ ഇമെയിലുകള്‍ പുറത്തുവിട്ട വെബ്സൈറ്റായ വിക്കിലീക്സുമായി സ്റ്റോണിന് ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ കാമ്പെയിന്‍ കമ്മിറ്റി ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചിരുന്നത്.

 

ഇയാളെ ജയിലിലടച്ചോ?

 

മൂന്ന് വര്‍ഷത്തെ തടവായിരുന്നു ഫെഡറല്‍ ജഡ്ജി ആമി ബെര്‍മന്‍ ജാക്‌സണ്‍ സ്റ്റോണിന് വിധിച്ചത്. അന്നുതന്നെ വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. കേസ് പരിഗണിച്ച ജൂറിയുടെ കടുത്ത ട്രംപ് വിരുദ്ധതായാണ് താന്‍ ശിക്ഷിക്കപ്പെടാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ട് പുതുതായി വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോണ്‍ ഏപ്രിലില്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബെര്‍മന്‍ ജാക്‌സണ്‍ ആ വാദവും തള്ളി. അതോടെ സ്റ്റോണിനെ അടുത്ത ചൊവ്വാഴ്ച ജോര്‍ജ്ജിയയിലെ ജീസപ്പിലുള്ള ഫെഡറല്‍ ജയിലിലേയ്ക്ക് പോകേണ്ടതായിരുന്നു.

 

ട്രംപ് എങ്ങനെയാണ് ഇടപെട്ടത്?

 

പ്രസിഡന്റ് തന്റെ പരമാധികാരം ഉപയോഗിച്ച് കഴിഞ്ഞ ദിവസം സ്റ്റോണിന്റെ ശിക്ഷ എഴുതിത്തള്ളി. അതോടെ ജയിലില്‍ കിടക്കുന്നതില്‍ നിന്നും തന്റെ ഉറ്റ സുഹൃത്തിനെ ട്രംപിന് രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു. പരാജയപ്പെട്ട അന്വേഷണത്തിന്റെ നിരാശ തീര്‍ക്കാനും വാര്‍ത്തയുണ്ടാക്കാനും വേണ്ടി മാത്രമാണ് സ്റ്റോണിനെ ശിക്ഷിക്കാന്‍ തീരുമാനിച്ചതെന്നും, അദ്ദേഹം ഇതിനകംതന്നെ വളരെയധികം അനുഭവിച്ചുവെന്നും നടപടി വിശദീകരിച്ചുകൊണ്ട് വൈറ്റ്ഹൗസ് പ്രസ്താവനയിറക്കി.

 

അന്യായമായ ശിക്ഷയെന്ന് ട്രംപ്

 

ട്രംപ് പണ്ടേ പറഞ്ഞതാണ്, സ്റ്റോണിനോട് അന്യായമായാണ് പെരുമാറുന്നതെന്ന്. സ്റ്റോണ്‍ തന്നെ പരസ്യമായി കമ്യൂട്ടെഷനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പ്, പല പ്രമുഖ ഡെമോക്രാറ്റുകളേക്കാളും വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ക്ക് സ്റ്റോണ്‍ വിധേയനാകുന്നതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നീതിന്യായ വകുപ്പിന്റെ പ്രാഥമിക ശിക്ഷാ ശുപാര്‍ശയെ അന്യായമെന്നായിരുന്നു ട്രംപ് വിളിച്ചിരുന്നത്. സ്റ്റോണിന്റെ ശിക്ഷാവിധിക്കുശേഷം ട്രംപ് ഇങ്ങനെ പറഞ്ഞു: 'റോജറിനെ കുറ്റവിമുക്തനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹത്തോട് വളരെ അന്യായമായാണ് പെരുമാറിയെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു'.