Sunday 24 June 2018

ജനാധിപത്യവും മനുഷ്യാവകാശവും പരാജയപ്പെട്ട രാജ്യത്തുനിന്നു വേണ്ട: പാകിസ്ഥാനോട് ഇന്ത്യ

By Amritha AU.10 Mar, 2018

imran-azhar

 

ജനീവ: ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചു പരാജയപ്പെട്ട രാജ്യത്തില്‍നിന്നു ലോകത്തിനു പാഠം പഠിക്കേണ്ട കാര്യമില്ലെന്ന് ജനീവയിലെ യുഎന്‍ മിഷന്റെ ഇന്ത്യയുടെ സെക്കന്‍ഡ് സെക്രട്ടറി മിനി ദേവി കുമം. തുടര്‍ച്ചയായ രണ്ടാം ദിവസവും കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ യുഎന്നില്‍ ഉന്നയിക്കുന്നതിനിടെയാണ് അവര്‍ പാകിസ്ഥാനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതികള്‍ യഥേഷ്ടം സ്വയംവിഹാരം നടത്തുന്നതുവരെ അംഗീകരിക്കാത്ത പാക്ക് നടപടിയെക്കുറിച്ചും ഇന്ത്യ പരാമര്‍ശിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികളുടെ വലിയൊരു പട്ടികയാണ് ഇന്ത്യ യു എന്നില്‍ നിരത്തിയത്.

 

ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം വ്യാഴാഴ്ചയും പാക്കിസ്ഥാന്‍ യുഎന്നില്‍ ഉന്നയിച്ചിരുന്നു. ആവശ്യം വെള്ളിയാഴ്ച വീണ്ടും ഉന്നയിച്ചതോടെയാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെട്ട രാജ്യമെന്നു വിശേഷിപ്പിച്ചത്.
'ഭീകരര്‍ പാക്കിസ്ഥാനില്‍ പുഷ്ടിപ്പെടുകയാണ്. ശിക്ഷാഭീതിയില്ലാതെ തെരുവുകളിലൂടെ അവര്‍ നടക്കുകയാണ്. അങ്ങനെയുള്ള പാക്കിസ്ഥാനാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ക്ലാസെടുക്കുന്നത്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

മുംബൈ, പഠാന്‍കോട്ട്, ഉറി ഭീകരാക്രമണക്കേസ് പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ള വിശ്വാസയോഗ്യമായ നടപടികള്‍ക്കാണ് ഇന്ത്യ കാത്തിരിക്കുന്നതെന്നും പാക്കിസ്ഥാന്റെ ജനീവയിലുള്ള യുഎന്‍ ഡപ്യൂട്ടി സ്ഥിര പ്രതിനിധി താഹിര്‍ ആന്ദ്രാബിയുടെ ആരോപണങ്ങള്‍ മറുപടിയായി കുമം അറിയിച്ചു. സ്വന്തമായി ഉറച്ച തീരുമാനം എടുക്കാനുള്ള അവകാശമില്ലാത്തതാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ കാരണമെന്നാണ് താഹിര്‍ ആന്ദ്രാബി പറഞ്ഞത്.

 

ജമ്മു കശ്മീരിനെക്കുറിച്ചു പ്രമേയം യുഎന്‍ പാസാക്കണമെന്ന സ്ഥിര ആവശ്യമാണു പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്. 'എന്നാല്‍ അതിനുമുന്‍പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക്ക് അധിനിവേശ കശ്മീര്‍ ഒഴിയണമെന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. മറ്റു പല ചുമതലപ്പെടുത്തലുകളും അവര്‍ മറക്കുന്നു. ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും' കുമം ആരോപിച്ചു.