Monday 01 June 2020




ഡോ. സോണിയയ്ക്ക് ദേശീയ ശാസ്ത്രജ്ഞ പുരസ്‌കാരം

By online desk .14 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ വുമണ്‍ ബയോ സയന്റിസ്റ്റ് അവാര്‍ഡ് (5 ലക്ഷം രൂപ) ഇ.വി സോണിയയ്ക്ക്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ മോളിക്യുലര്‍ ഫൊറന്‍സിക് ആന്‍ഡ് ഡിഎന്‍എ ടെക്‌നോളജീസ് ചീഫ് സയന്റിഫിക് ഓഫീസറാണ്. പുറ്റിങ്ങല്‍, ഓഖി ദുരന്തങ്ങളില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിലൂടെ തിരിച്ചറിയാന്‍ നടത്തിയ ശ്രമങ്ങളും കുരുമുളക് അടക്കമുള്ള വിളകളിലെ രോഗങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും കൂടിയാണ് സോണിയയെ അവാര്‍ഡ് തിളക്കത്തിലേക്ക് എത്തിച്ചത്. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിനിയാണ്. സസ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഇ.കെ ജാനകി അമ്മാള്‍ എന്ന മലയാളി ശാസ്ത്രജ്ഞയുടെ പേരില്‍ വനിതകള്‍ക്കായി നല്‍കുന്ന അവാര്‍ഡാണ് ഇത്. 2017 ല്‍ നാഷണല്‍ അക്കാഡമി ഓഫ് ബയോളജിക്കല്‍ സയന്‍സിലെ മികച്ച വനിതാ ശാസ്ത്രജ്ഞയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രഞ്ജനാണ് ഭര്‍ത്താവ് ഗോവിന്ദന്‍ പോറ്റി.തൃശൂര്‍ വിമല കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ബോട്ടണിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തത്.കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയശേഷം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ തുടക്കം. പിന്നീടാണ് രണ്ടു വര്‍ഷത്തിന് ശേഷം ആര്‍ജിസിബിയില്‍ എത്തുന്നത്.