Friday 14 August 2020




രക്ഷകർക്ക് യാത്രാമൊഴി നൽകി ഡോ: കവിതാ വാര്യർ

By online desk.21 Feb, 2020

imran-azhar

 

തിരുവനന്തപുരം: 2018 ജൂൺ മൂന്നിന്, യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഒരു യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ബസ് തിരിച്ചുവിട്ട ബൈജുവും ഗിരീഷും വാർത്തകളിൽ നിറഞ്ഞിരുന്നു. അതേ ബൈജുവും ഗിരീഷുമാണ് ഇന്ന് കോയമ്പത്തൂരിന് സമീപം അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസപകടത്തിൽ അപകടത്തിൽ നാടിനു തീരാവേദനയായത്. അന്ന്, ബന്ധുക്കളെത്തും വരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്. കെഎസ്ആർടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികൾക്കു സഹായമെത്തിക്കാനും ഇരുവരും മുന്നിലുണ്ടായിരുന്നു.

 

യാത്രയ്ക്കിടെ പിതൃതുല്യമായ കരുതലോടെ തന്റെ ജീവൻ രക്ഷിച്ചവർക്ക് ആദരാഞ്ജലി നേർന്ന് ഡോ: കവിതാ വാര്യർ. ഫേസ്ബുക് പോസ്റ്റ് വഴിയാണ് ആയുർവേദ ഡോക്ടറായ കവിതാ വാര്യർ തന്റെ കടപ്പാടും ദുഃഖവും പങ്കുവെച്ചത്. ' അവർ നമ്മളെ വിട്ടു പോയതിൽ ഞാൻ അതീവ ദുഃഖിതയാണ്. എന്റെ ജീവിതത്തിൽ സഫലമായ പിതൃസ്ഥാനം സമ്മാനിച്ചതിൽ ഞാൻ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. ആ ദിവസം എന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്. ബൈജു, ഗിരീഷ് അങ്കിൾ നന്ദി. നിങ്ങൾ എന്റെ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' എന്നായിരുന്നു കവിതയുടെ ഫേസ്ബുക് പോസ്റ്റ്.