Monday 04 July 2022
തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്നിലൊന്നു ജീവനക്കാര്‍ക്കും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനറിയില്ലെന്ന് റിപ്പോര്‍ട്ട്

By Ameena Shirin s.23 Jun, 2022

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്നിലൊന്നു ജീവനക്കാര്‍ക്കും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനറിയില്ല.

 

ഇ-ഗവേണന്‍സ് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ നടത്തിയ സര്‍വേയിലാണ് കംപ്യൂട്ടര്‍ സാക്ഷരതയിലെ ജീവനക്കാരുടെ 'പ്രകടനം' വ്യക്തമായത്.

 

കേന്ദ്ര ഫണ്ട് ഉള്‍പ്പെടെ പ്രതിവര്‍ഷം ആയിരം കോടിയുടെ ക്രയവിക്രയം നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനത്തിലാണ് ഈ ഗതികേട്.

 

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 441 ജീവനക്കാരിലാണ് വിവര ശേഖരണം നടത്തിയത്. കംപ്യൂട്ടര്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് 142 പേര്‍ മാത്രം. അതായത് ആകെ ജീവനക്കാരില്‍ 32% പേര്‍ക്കു മാത്രമേ അത്യാവശ്യത്തിന് എങ്കിലും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയൂ.

 

കോര്‍പറേഷന്റെ വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫിസ്, ജനകീയാസൂത്രണ വിഭാഗം എന്നിവിടങ്ങളിലെ ഒരാള്‍ക്കു പോലും കംപ്യൂട്ടര്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

 

ഈയിടെ കോര്‍പറേഷന്‍ ഭരണസമിതിയെ പിടിച്ചുലച്ച നികുതിപ്പണ തട്ടിപ്പ് യഥാസമയം കണ്ടുപിടിക്കാന്‍ കഴിയാത്തതിനു കാരണം ഉദ്യോഗസ്ഥരുടെ കംപ്യൂട്ടര്‍ പരിജ്ഞാനമില്ലായ്മ ആണെന്നു വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും കംപ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

സോണല്‍ ഓഫിസുകളില്‍ നിന്ന് പണം അടച്ചിട്ടുണ്ടോയെന്ന് സാംഖ്യ സോഫ്റ്റ്വെയര്‍ പരിശോധിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയും. സോഫറ്റ്വെയര്‍ ഉപയോഗിക്കാന്‍ അറിയാത്തതു കാരണം 'റീ കണ്‍സീലിയേഷന്‍' നടന്നിട്ടുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതാണ് തട്ടിപ്പിനിടയാക്കിയത്.

 

ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പരിശോധനയിലാണ് ക്രമക്കേട് പുറത്തായത്.

 

സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇ ഗവേണന്‍സ് നയം രൂപീകരിക്കാനും നടത്തിപ്പിനുമായി 3.52 കോടിയുടെ പദ്ധതിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒരു ജീവനക്കാരന് ഒരു കംപ്യൂട്ടര്‍ എന്ന നിലയില്‍ 403 കംപ്യൂട്ടറുകള്‍ വാങ്ങും.

 

ഇതോടൊപ്പം നിലവിലുള്ള സെര്‍വറുകളില്‍ 5 എണ്ണം മാറ്റി 2 എണ്ണം പുതുതായി സ്ഥാപിച്ച് ശേഷി കൂട്ടും. കംപ്യൂട്ടറുകള്‍ വാങ്ങാന്‍ 2.24 കോടിയും സെര്‍വര്‍ സ്ഥാപിക്കാന്‍ 12.25 ലക്ഷവുമാണ് ചെലവഴിക്കുക. പരിശീലനത്തിന് 10 ലക്ഷവും യുപിഎസ് വാങ്ങാന്‍ 75 ലക്ഷവും വകയിരുത്തി.

 

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വേഗത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യാനും ഫയലുകള്‍ കാണാനില്ലെന്ന പരാതി ഒഴിവാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും ഏതു സമയത്തും ഫയലുകള്‍ കൈകാര്യം ചെയ്യാനും കഴിയുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.

 

കോര്‍പറേഷനിലെ 152 ക്ലര്‍ക്കുമാര്‍ക്കും 23 സൂപ്രണ്ടുമാര്‍ക്കും നിര്‍ബന്ധമായും കംപ്യൂട്ടര്‍ ഉപയോഗം അറിഞ്ഞിരിക്കണം. ആരോഗ്യ വിഭാഗത്തില്‍ 123 പേരും എന്‍ജിനീയറിങ് വിഭാഗത്തില്‍ 103 ഉദ്യോഗസ്ഥരും ഇ വിദ്യാഭ്യാസം നേടേണ്ടവരാണ്.

 

എന്‍ജിനീയറിങ് വിഭാഗത്തിലെ എല്ലാ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും കംപ്യൂട്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും പലരും 'ഷോയ്ക്ക്' കൊണ്ടു നടക്കുകയാണ് പതിവ്.

 

സര്‍വേയില്‍ കണ്ടെത്തിയ മറ്റു വിവരങ്ങള്‍

മലയാളം ടൈപ്പ് റൈറ്റിങ് അറിയാവുന്നത് 35 പേര്‍ക്ക്
ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് അറിയാവുന്നത് 159
ഇ മെയില്‍ സ്വീകരിക്കാനും അയയ്ക്കാനും അറിയാവുന്നത് 268
വിവിധ ഇ-മെയില്‍ സൈറ്റുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ അറിയാവുന്നത് 239
നികുതി വിവിരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം ലഭ്യമാക്കുന്നതിനുള്ള സാംഖ്യ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ അറിയാവുന്നത് 138
കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കുന്നതിനും നികുതി ചുമത്തുന്നതിനും പൊതുജനങ്ങള്‍ക്കു വസ്തു നികുതി അടയ്ക്കാനും സൗകര്യമുള്ള സഞ്ചയ സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യാന്‍ അറിയാവുന്നത് 138
എക്‌സല്‍ പരിശീലനം ലഭിച്ചിട്ടുള്ളത് 91
സ്‌പ്രെഡ് ഷീറ്റ് പരിശീലനം ലഭിച്ചിട്ടുള്ളത് 43

കംപ്യൂട്ടര്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചവരുടെ വിവരങ്ങള്‍

മെയിന്‍ ഓഫിസ് മേയര്‍ സെക്ഷന്‍ 2
അക്കൗണ്ട്‌സ് സെക്ഷന്‍ 2
ഹെല്‍ത്ത് 7
ജനസേവാകേന്ദ്രം 3
യുപിഎ സെല്‍ 11
എന്‍ജീനീയറിങ് 8
ജനകീയാസൂത്രണ വിഭാഗം 0
ജനറല്‍ സെക്ഷന്‍ 12
പെന്‍ഷന്‍ സെക്ഷന്‍ 1
ഫെയര്‍ കോപ്പി സെക്ഷന്‍ 3

സോണല്‍ ഓഫിസുകള്‍:

തിരുവല്ലം 7
നേമം 3
കഴക്കൂട്ടം7
ഫോര്‍ട്ട് 7
ഉള്ളൂര്‍1
വട്ടിയൂര്‍ക്കാവ് 0
വിഴിഞ്ഞം6
ആറ്റിപ്ര 5
കടകംപള്ളി 5
ശ്രീകാര്യം 6
കുടപ്പനക്കുന്ന് 10