Tuesday 17 September 2019




വിവിപാറ്റ് രസീതുകളും വോട്ടും തമ്മില്‍ പൊരുത്തക്കേടില്ല: തിരഞ്ഞെടുപ്പ് കമ്മിഷന്‍

By online desk .25 May, 2019

imran-azhar

 

 

ന്യുഡല്‍ഹി: 17-ാം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന കണക്കനുസരിച്ച് 303 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 52 സീറ്റുകളും ലഭിച്ചു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മില്‍ ഒരിടത്തും വ്യത്യാസം ഇല്ലായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരിടത്ത് സാങ്കേതികപ്രശ്‌നം കാരണമുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.


പശ്ചിമബംഗാളില്‍ കൊല്‍ക്കത്തയില്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത അക്രമത്തിന് ശേഷം നടന്ന അവസാന ഘട്ട വോട്ടെടുപ്പിലെ എല്ലാ സീറ്റിലും ബിജെപി തോറ്റു. തൃണമൂല്‍ നേടിയ 22 സീറ്റില്‍ അവസാന ഘട്ടത്തിലെ ഒമ്പത് സീറ്റുകള്‍ നിര്‍ണ്ണായകമായി. സ്മൃതി ഇറാനിയുടെ വിജയം ഇന്നലെ പുലര്‍ച്ചെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 55,000 വോട്ടിന്റെ ഭൂരിപക്ഷം.


വോട്ട് വിഹിതത്തില്‍ വന്‍ നേട്ടമാണ് ബിജെപിക്ക്. നാല്‍പത് ശതമാനത്തിലധികം വോട്ട് ബിജെപി നേടിയപ്പോള്‍ എന്‍ഡിഎയുടേത് നാല്‍പത്തിയഞ്ച് ശതമാനത്തിലെത്തി. ഉത്തര്‍പ്രദേശിലുള്‍പ്പടെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് എന്‍ഡിഎ ആധികാരിക വിജയം സ്വന്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തില്‍ വിജയിച്ച സിആര്‍ പാട്ടിലിനാണ്. 6,28,548 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാട്ടിലിന് ലഭിച്ചത്. 5, 55,843 വോട്ടുകളുടെ ഭൂരിപക്ഷവുമായി അമിത് ഷായാണ് തൊട്ടുപിന്നാല്‍. 15 സ്ഥാനാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി.


181 വോട്ടുകള്‍ക്ക് ജയിച്ച ബിഎസ്പി സ്ഥാനാര്‍ത്ഥി ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമായി. നാല് സീറ്റില്‍ ബിജെപി വിജയിച്ചു. അരുണാചല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി വിജയിച്ചു. സിക്കിമില്‍ പവന്‍ കുമാര്‍ ചാമ്ലിലിംഗിന്റെ എസ്ടിഎഫിനെക്കാള്‍ രണ്ടു സീറ്റുകള്‍ കൂടുതല്‍ നേടി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേക്ക് നീങ്ങും.