By Veena Viswan.27 Jan, 2021
ജയ്പുര്‍: രാജസ്ഥാനിലെ ടോങ്കില്‍ റോഡ് അപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലര്‍ സിമന്റ് കയറ്റി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ടോങ്ക്- കോട്ട ദേശീയ പാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാജസ്ഥാനിലെ ഖതുഷ്യം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മധ്യപ്രദേശിലെ രാജ്ഗഡിലേക്ക് മടങ്ങുകയായിരുന്നു സംഘം.
എട്ട് പേര് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്ന് ടോങ്ക് ഡിഎസ്പി ചന്ദ്രാ സിങ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് പേര് പുരുഷന്മാരും രണ്ട് പേര് സ്ത്രീകളും രണ്ട് പേര് കുട്ടികളുമാണ്. പരിക്കേറ്റവരെ പിന്നീട് ജയ്പുറിലേക്ക് മാറ്റിയതായും സിങ് കൂട്ടിച്ചേര്‍ത്തു.