Monday 30 November 2020
സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം ; ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരി ഫൗസിയ കളപ്പാട്ട്

By online desk .13 Oct, 2020

imran-azhar

 


അന്താരാഷ്ട്ര ബാലിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരിയായ ഫൗസിയ കളപ്പാട്ട്ഓർമ്മക്കുറിപ്പുകളിലൂടെയും കവിതകളിലൂടെയും മലയാളിമനസിൽ ഇടം നേടിയ വ്യക്തിയാണ് ഫൗസിയ .പെൺകുട്ടികൾക്കൊരു ദിനമെന്നൊക്കെ കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ല..സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം? എന്ന ചോദ്യത്തോടെയാണ് ഫൗസിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഓരോ പെൺകുട്ടിയും അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന പലനിമിഷങ്ങളുടെ ഒരു കൂട്ടിച്ചേർക്കലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ തുറന്നെഴുതിയിരിക്കുന്നത്. സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാൻ ഒരിടം ,... ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം... എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്നു

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം


പെൺകുട്ടികൾക്കൊരു ദിനമെന്നൊക്കെ കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ല..
സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം?
സത്യത്തിൽ വിവാഹം കഴിയും വരെ മാത്രമേ ഒരുവൾക്ക് എൻ്റെ വീടെന്ന് പറയാൻ ഒരിടം ഉണ്ടാകൂ.... വിവാഹത്തോടെ മിക്കവാറും അത് തകരും... ഭർത്താവിൻ്റെ അടുത്ത് പോലും കാലക്രമേണ °എൻ്റെ ' എന്നത് ഇല്ലാതെ വീട്ടിൽ പോയി വരാമെന്ന് മാത്രം പറയും... അച്ഛൻ, അമ്മ എന്നീ ബന്ധങ്ങളിലുള്ള അടുപ്പമാവും അവളെ പഴയ ഇടത്തിലേയ്ക്ക് വരുത്തുന്നത്..


രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നി ഇവിടെ നിന്നാൽ അവൻ്റെ കാര്യമെങ്ങനാ?എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും... താൻ വളർന്ന വീട്,ഓടി നടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന ടേപ്പ് റെക്കോർഡർ ,ഇതെല്ലാം അവളെ നോക്കി കണ്ണ് നിറയ്ക്കും...


നീ എപ്പോഴെത്തി? എന്നാ മടക്കം എന്നുള്ള ചോദ്യം സഹോദരങ്ങളിൽ നിന്നുമുയരും.. ഇവർക്കെല്ലാം അന്യയായി പോയോ താൻ എന്നോർത്തവൾക്കുള്ളം പുകയും...
അടുപ്പിനരികിൽ പാതകം തുടക്കാൻ ഉപയോഗിക്കുന്ന തുണിയിലവൾ തൻ്റെ ഉടുപ്പിന്റെ നിറം കാണും.. ഏറെയിഷ്ടമായിരുന്നല്ലോ അതെന്നോർത്ത് നെടുവീർപ്പിടും...


കവിതയും കഥയുമെഴുതി നിറച്ച മേശയിൽ അടുക്കി വെച്ച പത്രം കാണാം.. എഴുതി നിറച്ച നോട്ട് ബുക്ക് ഏതോ കപ്പലണ്ടി കച്ചവടക്കാരന് ഉപകാരപ്പെട്ടു കാണും എന്നോർത്തവൾ നെടുവീർപ്പിടും...
പാട്ടിനും നൃത്തത്തിനും മിടുക്കിയായ പെൺകുട്ടിയുടെ ഫോട്ടോ തിരഞ്ഞാൽ കാണില്ല. ഒന്നെങ്കിലും കിട്ടിയാലോ അതവളാണെന്നറിയാത്ത വിധം മങ്ങി പോയിട്ടുണ്ടാകും.. അന്നത്തെ നൃത്തം ചെയ്ത പെൺകുട്ടിയും സ്റ്റേജും, അവളെ എടുത്തുയർത്തിയ അച്ഛനും കണ്ണിൽ തെളിയും...


നടന്നു നീങ്ങിയ ഇടവഴികളിലെവിടെയോ ഒരു തേങ്ങൽ കുരുങ്ങും, പൊട്ടിച്ചിരികൾ ഉയരും...
നീണ്ട മുടികോതി നിന്നുകൊണ്ട് കൂട്ടുകാരിയോട് പങ്ക് വെച്ച സ്വപ്നങ്ങൾ അവിടെ തന്നെ ചീഞ്ഞഴുകി കിടക്കുന്നത് കാണും ..ചെടികൾക്ക് വെള്ളമൊഴിച്ച് നിന്നപ്പോൾ കണ്ട പൂമ്പാറ്റകളുടെ ചിറകിൻ്റെ നിറമോർക്കാൻ ശ്രമിക്കും...


എനിക്കൊരു പാട് പറയാനുണ്ടെന്നവൾ അമ്മയോട് പറയാതെ പറയും... പെണ്ണായാൽ എല്ലാം സഹിക്കണമെന്ന വാചകം തലമുറകളായി പറഞ്ഞേ തീരൂ എന്ന വാശിയോടെ അവളെ കേൾക്കാതെ തന്നെയവർ അത് പറയും.. നിനക്ക് സുഖമാണല്ലോയല്ലേ എന്നച്ഛൻ ചോദിച്ചെന്നു വരുത്തും... സുഖം എന്നവൾ യാന്ത്രികമായി പറയും... സ്വന്തമല്ലാത്ത വീട്ടിൽ നിന്ന് അത്ര പോലും സ്വന്തമല്ലാത്ത വീട്ടിലേക്കവൾ തിരിച്ചെത്തും.'..
സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാൻ ഒരിടം ,... ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം...