Monday 20 January 2020
ബാലഭാസ്‌കറിന്റെ കൊലപാതകം: വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും സ്വര്‍ണ്ണക്കടത്ത് ബാലു കണ്ടുപിടിച്ചിരുന്നു!

By ബി.വി. അരുണ്‍ കുമാര്‍.31 May, 2019

imran-azhar

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ വിദേശയാത്രകള്‍ മറയാക്കി മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി ബിഗ്‌ന്യൂസിനോടുപറഞ്ഞു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് ആറുമാസം മുമ്പ് ഇത് കൈയ്യോടെ പിടികൂടിയിരുന്നു. അതോടെ ബാലു മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് ഉണ്ണി പറയുന്നു. വിദേശത്തു നിന്ന് വന്നശേഷം കോഴിക്കോട് ഒരു പരിപാടിയുണ്ടായിരുന്നു. അവിടെയെത്തിയെങ്കിലും മാനസിക വിഷമം കൊണ്ട് സ്റ്റേജില്‍ കയറാനായില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്റ്റേജില്‍ കയറിയെങ്കിലും വയലിന്‍ വായിക്കാന്‍ അദ്ദേഹത്തിനായില്ല. അവസാനം കാണികളോട് സോറി പറഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങി. തിരിച്ചെത്തിയ ബാലു ഫെയ്‌സ്ബുക്ക് ലൈവിലൂടെ തന്റെ മ്യൂസിക് ബാന്‍ഡ് പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. 'സ്വന്തമെന്നു കരുതിയവര്‍, കൂടെയുണ്ടായിരുന്നവര്‍ നമ്മളെ ചതിച്ചാല്‍ അത് സഹിക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല. ഇനിയും കൂടുതല്‍ ചതിയിലേക്ക് പോകാന്‍ ഞാനില്ല. തത്കാലം ബാന്‍ഡ് പിരിച്ചുവിടുന്നു' എന്നായിരുന്നു ബാലഭാസ്‌കറിന്റെ കുറിപ്പ്.

 


വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും വഴിവിട്ടുള്ള ഇടപാടുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ബാലഭാസ്‌കര്‍ അസ്വസ്ഥനായതെന്ന് ഉണ്ണി പറഞ്ഞു. പാലക്കാട്ടെ വിവാദ ഡോക്ടറുമായി ഇരുവര്‍ക്കും നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ടു മാനേജര്‍മാരും വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൂജപ്പുര സ്വദേശി സുനില്‍കുമാറിന്റെ ബന്ധുവാണ് പ്രകാശ് തമ്പി.


സുനില്‍കുമാറാണ് പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്തിലേക്ക് ഇറക്കിയത്. ബാലഭാസ്‌കര്‍ വിദേശത്ത് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോകുന്നതു മറയാക്കി കൂടുതല്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു ലക്ഷ്യം. പ്രധാന പ്രതി അഡ്വ. ബിജുവിനെ പ്രകാശിന് പരിചയപ്പെടുത്തിക്കൊടുത്തതും സുനില്‍ കുമാറായിരുന്നു. ബിജുവാണ് ബാലുവിനെ മറയാക്കി സ്വര്‍ണ്ണം കടത്താന്‍ ബുദ്ധി ഉപദേശിച്ചത്. ആറുതവണ വിദേശ കറന്‍സിയും സ്വര്‍ണവും കടത്തിയതായി പ്രകാശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. 
ഇവരുടെ കള്ളക്കളി കണ്ടുപിടിച്ചതോടെ ബാലഭാസ്‌കറുമായി വിഷ്ണുവിനും പ്രകാശിനും വിരോധമുണ്ടായിട്ടുണ്ടാകാമെന്ന് ഉണ്ണി പറഞ്ഞു. വിവാദ ഡോക്ടര്‍ക്കും ഈ ഗാംഗുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി അദ്ദേഹം പറഞ്ഞു. ഇയാളും വിദേശത്തു നിന്ന് സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

 


കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ നിന്ന് പൊലീസിനു ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറുടെ വാഹനം കടന്നുപോകുമ്പോള്‍ ഉണ്ടായിരുന്ന ബസിലെ ഡ്രൈവറുടെ മൊഴി അന്ന് പൊലീസ് എടുത്തിരുന്നു. 
ബാലു സഞ്ചരിച്ച വാഹനം അമിത വേഗതയിലാണ് പോയതെന്നും അതിനെ പിന്തുടര്‍ന്ന് മറ്റൊരു വാഹനം ഉണ്ടായിരുന്നതായി പറയുന്നതായും ഉണ്ണി വ്യക്തമാക്കി.ബാലഭാസ്‌കര്‍ ഒരിക്കലും അമിത വേഗതയില്‍ വാഹനം ഓടിക്കാറില്ല. പ്രത്യേകിച്ച് കുട്ടി കൂടെയുള്ളപ്പോള്‍ വളരെ ശ്രദ്ധിച്ചേ വാഹനമോടിക്കൂ എന്നും ഉണ്ണി പറഞ്ഞു.

 


ആ സമയം വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഇതില്‍നിന്നും വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ബാലുവിന്റെ വാഹനത്തെ പിന്തുടര്‍ന്നെത്തിയ വാഹനത്തില്‍ ആരായിരുന്നു എന്നതും സംശയകരമാണ്. സ്വര്‍ണക്കടത്ത് കണ്ടുപിടിച്ച വിരോധത്തില്‍ പാലക്കാട്ടെ ഡോക്ടറും മാനേജര്‍മാരും ചേര്‍ന്ന് മനഃപൂര്‍വ്വം വരുത്തിയ അപകടമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


അപകടം നടന്നതറിഞ്ഞ് സംഭവസ്ഥലത്ത് ആദ്യമെത്തിയതും വിഷ്ണുവും പ്രകാശുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഞങ്ങള്‍ക്കു മുന്നില്‍ വരാന്‍ അവര്‍ മടിച്ചു. പലപ്പോഴും അവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. ബാലുവിന്റേത് സ്വാഭാവിക അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.