By Sooraj S.23 Jun, 2018
ബീജിംഗ്: ബീജിംഗ് സ്വദേശിയായ യുവതിയുടെ സ്വപ്ന വാഹനമായിരുന്നു ഫെരാരി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വാഹനം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആ സ്വപ്ന വാഹനം വീടെത്തിക്കാനുള്ള ഭാഗ്യം ആ യുവതിക്കുണ്ടായില്ല. നാലര കോടി രൂപ വിലവരുന്ന ചുവന്ന ഫെരാരി 458 മോഡൽ കാറാണ് ഷോറൂമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അപകടത്തിൽപ്പെട്ടത്. മഴയായതിനെ തുടർന്ന് റോഡിലെ വഴുക്കലിൽ നിയന്ത്രണം വിട്ടാണ് കാർ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ടതിനെ തുടർന്ന് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടം പറ്റി റോഡിൻറെ മറുവശത്തേക്ക് പോയ കാർ മറ്റു രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഈ വാഹനങ്ങൾക്കും യുവതി നഷ്ടപരിഹാരം നൽകേണ്ടിവന്നു. അങ്ങനെ പുത്തൻ കാർ തീരാ തലവേദനയാണ് യുവതിക്ക് സമ്മാനിച്ചത്.