Friday 22 November 2019




യു.എസിലെ സിഖുകാരനായ ആദ്യ പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു

By online desk.28 Sep, 2019

imran-azhar

 

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു. ടെക്‌സാസ് ഡെപ്യൂട്ടി പൊലീസ് ഓഫീസറായ സന്ദീപ് സിങ് ദാലിവാല്‍ (40) ആണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായ യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്.

 

പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സന്ദീപിന് നേരെ കാര്‍ യാത്രക്കാരന്‍ വെടിവെക്കുകയായിരുന്നു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നു.

 

വെടിവെപ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിങ് സെന്ററിലേക്ക് ഓടിക്കയറി. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് ദാലിവാല്‍ എല്ലാവര്‍ക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മിഷണര്‍ ആഡ്രിയന്‍ ഗ്രേഷ്യ പറഞ്ഞു. നിരവധി പേര്‍ക്കുള്ള ഉദാഹരണമായിരുന്നു. ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം സ്വന്തം സമുദായത്തെ പ്രതിനിധീകരിച്ചത്. ഹാര്‍വെ ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങള്‍ സന്ദീപ് ജനങ്ങള്‍ക്ക് നല്‍കിയെന്നും ഗ്രേഷ്യ വ്യക്തമാക്കി.