Tuesday 19 March 2024




പ്രളയത്തില്‍ മുങ്ങി വെനീസ്

By online desk.19 Nov, 2019

imran-azhar

 

വെനീസ് : ആഴ്ചയില്‍ മൂന്നാം വട്ടവും ഇറ്റലിയിലെ പൈതൃക നഗരമായ വെനീസില്‍ പ്രളയം. വേലിയേറ്റത്തെ തുടര്‍ന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയര്‍ന്ന നഗരം ഇന്നലെ വീണ്ടും വെള്ളത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകള്‍ കേടായി. 100 കോടി യൂറോയുടെ നഷ്ടമുണ്ടായതായി മേയര്‍ ലൂയിജി ബ്രൂന്യാരോ അറിയിച്ചു. അര ലക്ഷത്തോളം ജനസംഖ്യയുള്ള വെനീസ് നഗരത്തില്‍ പ്രതിവര്‍ഷം ശരാശരി മൂന്നരക്കോടിയോളം സന്ദര്‍ശകരാണെത്തുന്നത്.

 

1000 വര്‍ഷം പഴക്കമുളള സെന്റ് മാര്‍ക്‌സ് ബസിലിക്കയ്ക്കും പൗരാണിക സൗധങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉപ്പുവെള്ളം കയറി നാശമുണ്ടായി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സെന്റ് മാര്‍ക് സ്‌ക്വയര്‍ അടച്ചു.വെനീസ് നഗരം ഉള്‍പ്പെടുന്ന വെനെറ്റോ പ്രാദേശിക കൗണ്‍സിലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെള്ളമെത്തിയതു കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ യോഗം തള്ളിയതിനു തൊട്ടുപിന്നാലെയാണ്. 2020 ബജറ്റ് ചര്‍ച്ചകള്‍ക്കിടെ കാലാവസ്ഥാ മാറ്റത്തെ നേരിടാനുളള ഭേദഗതി നിര്‍ദേശങ്ങള്‍ ഭരണപക്ഷം തള്ളിക്കളഞ്ഞതിനു പിന്നാലെയാണു കൗണ്‍സില്‍ ചേംബറിലേക്കു വെള്ളം ഇരച്ചെത്തിയത്.