Saturday 21 July 2018

മ്യൂസിയത്തിൽ നവീകരിച്ച അക്വേറിയം വരുന്നു ഒപ്പം ഫുഡ് കോർട്ടും

By Abhirami Sajikumar.29 Mar, 2018

imran-azhar

തിരുവനന്തപുരം∙ മ്യൂസിയത്തിൽ നവീകരിച്ച അക്വേറിയം വരുന്നു. നിർമാണം പുരോഗമിക്കുന്ന അക്വേറിയം മേയിൽ  പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം മ്യൂസിയത്തിൽ എത്തുന്നവർക്കു ഭക്ഷണം കഴിക്കാനായി  ഫുഡ് കോർട്ടും ഒരുക്കുന്നുണ്ട്. ചിൽഡ്രൻസ് പാർക്കിനു സമീപത്തായി നിർമാണം പുരോഗമിക്കുന്ന ഫുഡ് കോർട്ട് അടുത്ത മാസം പകുതിയോടെ പ്രവർത്തനം തുടങ്ങും.

രണ്ടു കോടി 19 ലക്ഷം രൂപ മുടക്കിയാണു പുതിയ അക്വേറിയം തയാറാക്കുന്നത്. മുൻപ് അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരിച്ചാണു പുതുതായി പ്രവർത്തനം തുടങ്ങുന്നത്. അക്വേറിയത്തിനു പുറമേ ഈ കെട്ടിടത്തിന്റെ പുറത്തായി മനോഹരമായ ലാൻഡ് സ്കേപ്പും തയാറാക്കിക്കഴിഞ്ഞു. ഇവിടെ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ശിൽപങ്ങൾ പ്രദർശിപ്പിക്കും. 

കെട്ടിടവും ചിത്രപ്പണികളാൽ മനോഹരമാക്കും. ചെറിയ വെള്ളച്ചാട്ടവും അരുവികളും കെട്ടിടത്തിനു മുന്നിലായി ഉണ്ടാകും. നേരത്തേ ഉണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായി വലിയ ടാങ്കുകളിലാകും പുതിയ അക്വേറിയത്തിൽ മത്സ്യങ്ങളെ പ്രദർശിപ്പിക്കുക. കടൽ ജീവികളും ഉൾനാടൻ മത്സ്യങ്ങളും പുതിയ അക്വേറിയത്തിൽ ഉണ്ടാകുമെന്നു മൃഗശാല സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.

ജെല്ലി ഫിഷ്, കടൽ ഞണ്ടുകൾ, ബട്ടർഫ്ലൈ ഫിഷ്, വെൽ ഫിഷ്, ഓസ്കാർ, അരോണ, ഗോൾഡൻ ഫിഷ്, ഏയ്ഞ്ചൽ തുടങ്ങിയ വ്യത്യസ്ത മത്സ്യങ്ങളാണ് അക്വേറിയത്തിൽ ഉണ്ടാവുക. 

സ്കൂൾ വിദ്യാർഥികൾക്കു ഭക്ഷണം കഴിക്കാനായാണു ഫുഡ്കോർട്ട് തയാറാക്കുന്നത്. സ്കൂളുകളിൽ നിന്ന് എത്തുന്നവർക്ക് ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാനായി ഒരിടമെന്ന നിലയിലാണ് ഇത്.

 ഓരോത്തരും കൊണ്ടു വരുന്ന ഭക്ഷണം ഈ കോർട്ടിൽ ഇരുന്നു കഴിക്കാൻ സാധിക്കും. മറ്റിടങ്ങളിൽ ഭക്ഷണമാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ കൂടിയാണിത്.  ഇപ്പോൾ ഭക്ഷണവുമായി ഇവിടെ എത്തുന്നവർ പുൽത്തകിടിയിലും മറ്റും ഇരുന്നാണു കഴിക്കുന്നത്. മഴയും മറ്റു പ്രശ്നങ്ങളും ഉണ്ടായാൽ ഇതു ബുദ്ധിമുട്ടായി മാറാറുണ്ട്.ഇതിനാലാണു മഴയും വെയിലുമേൽക്കാതെ സുഖമായിരുന്നു ഭക്ഷണം കഴിക്കാനായി ഫുഡ് കോർട്ട് ഒരുക്കുന്നത്. 15 ദിവസത്തിനകം പൂർത്തിയാക്കാനാണു ശ്രമം.