Tuesday 19 March 2024




അനുയോജ്യമായ ശാസ്ത്രീയ ഭക്ഷണ രീതികള്‍ പുതുതലമുറ തിരിച്ചറിയണം - ഭക്ഷ്യമന്ത്രി

By online desk.16 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ഓരോ നാടിനും അനുയോജ്യമായ ശാസ്ത്രീയ ഭക്ഷണ രീതികള്‍ പുതുതലമുറ തിരിച്ചറിയണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. നല്ല ആരോഗ്യത്തിന് പരമ്പരാഗത ഭക്ഷണരീതി മലയാളികള്‍ തിരികെപിടിക്കണം. അന്താരാഷ്ട്ര കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗുഡ് ഫുഡ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തില്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം അശാസ്ത്രീയമായ ഭക്ഷണരീതിയാണ്. പുതുതലമുറ പൂര്‍ണമായും നാടന്‍ ഭക്ഷണ രീതി ഉപേക്ഷിച്ചതോടെ ഇവര്‍ക്കിടയിലും ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജ് റിട്ട. പ്രൊഫ. ഡോ. കെ. ജ്യോതിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക ചര്‍ച്ചയും നടന്നു.

 

കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാമേഖലയിലെ ഔഷധനയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. റ്റി.ഡി. ശ്രീകുമാര്‍, ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ആയുര്‍വേദ ഉപദേഷ്ടാവ് ഡോ. ആര്‍. രഘു, വൈദ്യരത്‌നം ഔഷധശാല എം.ഡി ഡോ. ഇ.റ്റി നീലകണ്ഠന്‍ മൂസ്, കേരള ആയുര്‍വേദ കോ ഓര്‍പ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.എം. സനല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.