By online desk .01 Apr, 2020
പാരീസ് : കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറുന്നു. ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ ഹോട്ടല്‍ മുറികളില്‍ പാര്‍പ്പിക്കുമെന്നും മുറി വാടക സര്‍ക്കാര്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. പുറമെ കൗണ്‍സലിംഗ് സെന്ററുകളും ആരംഭിക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യ ആഴ്ചയില്‍ തന്നെ ഭാര്യാ ഭര്ത്താക്കന്മാര് തമ്മിലുളള അടിപിടികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് 20 കൗണ്‍സിലിംഗ് കേന്ദ്രങ്ങളാണ് ആരംഭിക്കുക. വീട്ടു സാധനങ്ങള്‍ വാങ്ങാനെത്തുന്ന സ്ത്രീകള്‍ക്ക് ഇവിടെ നിന്ന് സഹായം കിട്ടും.
വീടുകളിലെ അതിക്രമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഈ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ദശലക്ഷം യൂറോ അധികം നല്‍കും. ഭാര്യഭര്ത്താക്കന്മാര് തമ്മിലുളള വഴക്ക് പാരീസില്‍ 36 ശതമാനവും മറ്റിടങ്ങളില്‍ 32 ശതമാനവും ഉയര്‍ന്നെന്ന കണക്കുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. വീടുകളിലെ കലഹങ്ങളില്‍ രണ്ട് കൊലപാതകവും ഇതിനിടെ നടന്നു. മാര്‍ച്ച് 17നാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15 വരെ ഇത് നീണ്ടു നില്ക്കും.