Friday 28 January 2022




ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ഫോണും ഹാജരാക്കാനായില്ല, പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എടുത്തുകാട്ടി വിധിന്യായം

By Avani Chandra.15 Jan, 2022

imran-azhar

 

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ എടുത്തു കാട്ടുന്നത് പ്രോസിക്യൂഷന്റെ വീഴ്ചകള്‍ ആണ്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല, പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

 

ഇരയുടെ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്. അത് കിട്ടാത്തതിന് പറയുന്ന ന്യായം വിശ്വസനീയമല്ല. അതുണ്ടായിരുന്നുവെങ്കില്‍ പ്രതി അയച്ച മോശം സന്ദേശങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാമായിരുന്നു. ഇരയുടെ ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറില്‍ ആണെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട പരാതികളില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ ഉണ്ടായെന്ന് സംശയിക്കണം. കതിരും പതിരും വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്.

 

ഇരയുടെ ബന്ധു ഇരയ്ക്ക് എതിരേ ബിഷപ്പിന് പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് പ്രാസിക്യൂഷന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. അവരുടെ ഭര്‍ത്താവു കൂടി ഉള്‍പ്പെടുന്ന സംഭവമാണ് ബന്ധു പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് അഭിഭാഷകനാണ്. കുടുംബത്ത് പ്രശ്‌നം ഉണ്ടാകും വിധം ആ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയത് കോടതി പരിഗണിച്ചു. ഈ പരാതിയില്‍ ഇരയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഇര ബിഷപ്പിന് എതിരെ പീഡന പരാതി ഉന്നയിച്ചതെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

 

ഇരയായ വ്യക്തി സംശയാതീതമായി തന്റെ പരാതി അവതരിപ്പിച്ചിട്ടില്ല. അതില്‍ മാറ്റം മറിച്ചിലുകള്‍ കാണാനുണ്ട്. മഠത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അധികാര തര്‍ക്കങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരാതിക്കാരി ഉപദ്രവത്തിന് ഇരയായി എന്ന് പറയുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ബിഷപ്പുമൊത്ത് പരിപാടികളില്‍ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തത് കോടതി പരിഗണിച്ചു. ഈ സാഹചര്യത്തില്‍ പീഡന പരാതി വിശ്വസനീയമായി കാണുന്നില്ല.

 

കന്യാസ്ത്രീകളുടെ പ്രക്ഷോഭം അടക്കം വിധിന്യായത്തില്‍ വിശദമായി പറയുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റോടെ സമരം തീര്‍ന്നതും അതില്‍ പറയുന്നു. നീതി ഉറപ്പിക്കാനുള്ള സമരം ഒരാളുടെ അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു എന്നതും പരാമര്‍ശിക്കുന്നുണ്ട്.