Monday 04 July 2022




പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസല്‍ 400; ശ്രീലങ്കയില്‍ ഇന്ധനത്തിന് 'തീപ്പിടിക്കുന്നു'

By Priya.26 May, 2022

imran-azhar

സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അശാന്തിയുടെ തീ ആളിക്കത്തുകയാണ്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയും കത്തിയെരിയുകയാണ്. അതിനിടെ ദ്വീപ് രാഷ്ട്രത്തിലെ ഇന്ധനവില റെക്കോര്‍ഡ് ഉയരത്തിലെത്തി. ശ്രീലങ്കയില്‍ ചൊവ്വാഴ്ച പെട്രോള്‍ വില 24.3 ശതമാനം വര്‍ധിപ്പിച്ചു. ഡീസല്‍ വിലയില്‍ 38.4 ശതമാനം വര്‍ധനവുണ്ടായി. ശ്രീലങ്കയില്‍ ഇന്ധനവില ഇത്രയധികം വര്‍ധിച്ചിട്ടില്ലെന്ന് രാജ്യത്തെ സാമ്പത്തികവിദഗ്ധര്‍ പറയുന്നു.

 

ഏപ്രില്‍ 19ന് ശേഷം ശ്രീലങ്കയില്‍ ഇത് രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. പുതിയ വര്‍ദ്ധനയോടെ ശ്രീലങ്കയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒക്ടെയ്ന്‍ 92 പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 420 രൂപയും ഡീസല്‍ വില 400 രൂപയിലുമെത്തി. ശ്രീലങ്കയിലെ എനര്‍ജി റെഗുലേറ്ററായ സിലോ പെട്രോളിയം കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 

പെട്രോള്‍ വില ഒറ്റയടിക്ക് 82 രൂപയും ഡീസലിന് 111 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജശേഖര ട്വിറ്ററില്‍ അറിയിച്ചു. അതേസമയം ഇന്ധനവില വര്‍ധിച്ചതിനാല്‍ ഇനി മുതല്‍ ഓട്ടോകള്‍ക്ക് ആദ്യത്തെ ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് 90 രൂപ മിനിമം നിരക്ക് നല്‍കേണ്ടിവരുമെന്ന് ശ്രീലങ്കയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. അതിനുശേഷം ഓരോ കിലോമീറ്ററിനും യാത്രക്കാരന്‍ 80 രൂപ നല്‍കണം.

 

വാഹനങ്ങളുടെ നിരക്ക് അസാധാരണമായി വര്‍ധിച്ചതിനാല്‍ പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുതിന് പിന്നില്‍ വിതരണത്തിന്റെ കുറവാണെന്ന് ശ്രീലങ്കന്‍ സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന പ്രതിസന്ധി കാരണം ശ്രീലങ്കയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരുടെ നീണ്ട ക്യൂവിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.