Wednesday 15 August 2018

കണ്ണന്താനത്തിനായി ചപ്പുചവറുകള്‍ ഇന്ത്യാഗേറ്റില്‍ വിതറി !

By praveen prasannan.18 Sep, 2017

imran-azhar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വച്ഛത ഹി സേവ കാന്പെയിനിന്‍റെ ഭാഗമായി ഇന്ത്യാ ഗേറ്റ് പരിസരം വൃത്തിയാക്കാനെത്തിയതായിരുന്നു വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ വന്നപ്പോള്‍ ഇന്ത്യാ ഗേറ്റ് പരിസരം നല്ല വൃത്തിയായി കിടക്കുന്നു.

ഒടുവില്‍ വോളണ്ടിയര്‍മാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് കുറച്ച് മാലിന്യങ്ങള്‍ വിതറി. ഇവ പെറുക്കി കണ്ണന്താനം കാന്പെയിനിന്‍റെ ഭാഗമായി.

വോളണ്ടിയര്‍മാര്‍ എത്തിച്ച കുപ്പികളും പാന്‍മല്‍സാല പക്കറ്റുകളും പെറുക്കി ക്യാമറയ്ക്ക് മുന്നില്‍ ശുചിത്വ സന്ദേശം നല്‍കിയാണ് മന്ത്രി മടങ്ങിയത്. പുതിയ മന്ത്രിയെ ഇന്ത്യാ ഗേറ്റിലുണ്ടായിരുന്ന ജനങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനുമായില്ല.

വിനോദസഞ്ചാര മന്ത്രാലയം പതിനാല് ദിവസം പ്രമുഖരെ ഉപയോഗിച്ചുളള വൃത്തിയാക്കല്‍ യജ്ഞത്തിനായി തെരഞ്ഞെടുത്ത 15 പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ത്യാ ഗേറ്റ്.

ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രചരണം കൊണ്ടുദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല എല്ലാവരും ഇതില്‍ പങ്കുകൊള്ളണമെന്ന് കണ്ണന്താനം പറഞ്ഞു. വര്‍ഷത്തില്‍ എല്ലാ ദിവസവും വൃത്തിയാക്കല്‍ പക്രിയ തുടര്‍ന്ന് കൊന്‍റു പോകണം.