By Sooraj Surendran .19 Jan, 2019
കോട്ടയം: അയർക്കുന്നത്ത് നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയർകുന്നം മാലം സ്വദേശി അജേഷിനെ പോലീസ് പിടികൂടി. ഹോളോബ്രിക്സ് കമ്പനിയിൽ ടിപ്പർ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മൊബൈലിലൂടെയാണ് അജേഷ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് വ്യാഴാഴ്ച അജേഷ് പെൺകുട്ടിയുമായി ഹോളോബ്രിക്സ് കമ്പിനിയിലെത്തുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമം നടക്കുകയും, പെൺകുട്ടി എതിർത്തതോടെ കൊലപ്പെടുത്തുകയുമായിരുന്നു. അജേഷ് കൊല ചെയ്തതായി പോലീസിനോട് കുറ്റസമ്മതം നടത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംശയത്തിന്റെ പേരിലാണ് അജേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് അജേഷ് കുറ്റംസമ്മതിച്ചത്.