By swathi.27 Jan, 2022
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെത്തേടി പോലീസ് അന്വേഷണം ബെംഗളൂരുവിലേക്ക്. കുട്ടികളെ കണ്ടെത്താനായി അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും. വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികളെയാണ് കാണാതായത്്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതേസമയം, കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷന് അംഗം ബബിത ചില്‍ഡ്രന്‍സ് ഹോമിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ആറ് പെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളില്‍ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്.
അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.