Tuesday 17 September 2019




എലിപ്പനി, എച്ച് വൺ എൻ വൺ പടരുന്നു; 5 മരണം

By online desk.19 Aug, 2019

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനിയും എച്ച് വൺ എൻ വണ്ണും പടരുന്നു. ഈ മാസം ഇതിനകം ഈ രോഗങ്ങൾ ബാധിച്ച് 5 പേർ മരിച്ചു. രോഗം പകരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിനകം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച എഴുപതോളം പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയിലാണ്. 120 പേര്‍ വിവിധ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുമുണ്ട്.



എലിപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍ വണ്‍ ബാധയും വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിക്കുകയും 38പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

 


ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നിരവധി പേര്‍ കഴിയുന്നതിനാല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

 

എലിപ്പനി പടരാതിരിക്കാന്‍ മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. എലിപ്പനി പിടിപെടാതിരിക്കാനുള്ള മരുന്നാണ് ഡോക്സിസൈക്ലിൻ ഗുളിക. ഗുളികകള്‍ ലഭിച്ചിട്ടും കഴിക്കാതിരിക്കുന്നവര്‍ നിരവധിയാണ്. ഡോക്സി സൈക്ലിൻ ഗുളികകളെക്കുറിച്ചുള്ള തെറ്റായ ധാരണയും ആദ്യ ഡോസില്‍ അനുഭവപ്പെടുന്ന വയറെരിച്ചിലുമാണ് ഇത് കഴിക്കാതിരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഗര്‍ഭിണികളൊഴികെ 12 വയസിനു മുകളിലുള്ളവര്‍ 100 മില്‌ളിഗ്രാം ഡോക്സിസൈക്ളിന്‍ ഗുളിക രണ്ടെണ്ണം വീതം ആഴ്ചയിലൊരിക്കല്‍ കഴിച്ചാല്‍ പ്രതിരോധം നേടാം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറാഴ്ച വരെ ഗുളിക കഴിക്കണം.

 

പ്രളയദിരന്തങ്ങള്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടായത്. എലിയുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍പ്പെട്ട ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ഈ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് അസുഖം പകരുന്നത്.

 

ജലത്തില്‍ കലരുന്ന രോഗാണു ചെറിയ പോറലുകള്‍, മുറിവുകള്‍, മൃദുലമായ ത്വക്ക് തുടങ്ങിയവ വഴിയാണ് മനുഷ്യശരീരത്തില്‍പ്രവേശിക്കുന്നത്. രോഗാണു അകത്തു കിടന്നാല്‍ അഞ്ച് മുതല്‍ പതിനഞ്ച് ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി, തലവേദന, മസിലുകളില്‍ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന,ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയും. മൂത്രത്തില്‍ രക്തത്തിന്റെ നിറം വരും. കാലിലും മുഖത്തും നീരുണ്ടാകും. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകും. ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. ഇത് മരണതതിന് വരെ കാരണമാകും.



പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണങ്ങള്‍. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്നും ഗര്‍ഭിണികള്‍, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണം.