Tuesday 19 March 2024




ഹരിയാനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദത്തിനൊപ്പം പാസ്പോര്‍ട്ടും

By Web Desk.13 Jul, 2020

imran-azhar

 

 

ചണ്ഡീഗഡ്: സംസ്ഥാനത്ത് ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന കോളേജില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഖട്ടര്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍, കോളേജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുന്നതിനും സംഘടിപ്പിച്ച ഹര്‍ സിര്‍ ഹെല്‍മറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നതിനോടൊപ്പം വാഹനമോടിക്കാനുള്ള ലൈസന്‍സ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ, സേവ് വാട്ടര്‍ ഫോര്‍ ദ ഫ്യൂച്ചര്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാനത്ത് വിജയകരമായി തുടരുന്നതായും ഖട്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര ഹെല്‍മറ്റ് നിര്‍മാണക്കമ്പനിയായ സ്റ്റഡുമായി സഹകരിച്ച് പാര്‍ലമെന്റംഗം സഞ്ജയ് ഭാട്ടിയയാണ് ഹെല്‍മറ്റ് വിതരണപരിപാടി സംഘടിപ്പിച്ചത്. 100 ലധികം പേര്‍ക്ക് ഈ പരിപാടിയിലൂടെ ഹെല്‍മറ്റ് വിതരണം നടത്തി.