Friday 21 February 2020




ഉള്‍കാഴ്ച'യ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍

By online desk .16 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്റ്റുവെയറോട് കൂടിയ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്.

 

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവെയറിലൂടെ സാധിക്കുന്നതാണ്.