Thursday 04 June 2020




'ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണ്', ആശുപത്രി ജീവനക്കാരുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തി

By Sooraj Surendran .29 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാരുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഏറ്റവുമധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ വിഭാഗം ജീവനക്കാരുമായാണ് കെ.കെ ശൈലജ ചർച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചർച്ച. സ്വകാര്യ ബുദ്ധിമുട്ടുകള്‍ക്കിടയിലും തങ്ങളുടെ സേവനം കൃത്യമായി നിര്‍വഹിക്കുന്ന ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

 

ഇത് വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണ്. ആശുപത്രികള്‍ എപ്പോഴും വൃത്തിയായിരിക്കാനും അണുബാധയുണ്ടാകാതിരിക്കാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ മാത്രം മതി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകാനും രോഗ വാഹകരാകാനും. അതിനുള്ള സാഹചര്യങ്ങള്‍ ആരും ഒരുക്കരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.