Friday 14 August 2020




നിർഭയ കേസ്: പ്രതികൾ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്നു, വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്രം

By Sooraj Surendran .02 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. അതേസമയം നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13-ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയതെന്നും, ഇത് ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

 

അതേസമയം നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്ന് പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ് പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്നും എ.പി സിങ് കോടതിയിൽ പറഞ്ഞു. ഞായറാഴ്ച കോടതി അവധിയാണെങ്കിലും പ്രത്യേക സിറ്റിങ് നടത്തി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് ഉത്തരവിടുകയായിരുന്നു.