Tuesday 20 August 2019




സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്

By Sooraj Surendran.25 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിലും തമിഴ്നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27-ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും. അതേസമയം എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ച മുതല്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ പ്രക്ഷുബ്ധമാണ്. ശക്തമായ കടലാക്രമണമാണ് വലിയതുറ മുതല്‍ ചിറയിന്‍കീഴ് വരെയുള്ള പ്രദേശങ്ങളിലെല്ലാം. ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയതിനൊപ്പം പലതിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തുറമുഖ വകുപ്പിന്റെ കെട്ടിടവും തകര്‍ന്ന് വീണു.