Saturday 18 August 2018

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയെ തുടർന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും ശക്തമായ മഴയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം ജില്ലകളും ഇപ്പോഴും വെള്ളക്കെട്ടിലുമാണ്. ഈ സാഹചര്യത്തിൽ വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

 

മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ ഓഗസ്റ്റ് 14 വരെയും ഇടുക്കിയിൽ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളിൽ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലിൽ പോകരുതെന്നും നിർദേശിച്ചു.

 

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതിനാലും അണക്കെട്ടുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങൾ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു. എന്നാൽ മഴയുടെ ശക്തി വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.