Wednesday 23 October 2019




തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി, അന്തിമ തീരുമാനം കളക്ടറുടേത്

By anju.10 May, 2019

imran-azhar

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു.

 

കോടതി വിധി സ്വാഗതം ചെയ്യുന്നതായും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും കടകംപള്ളി പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്ന വിഷയം ചര്‍ച്ചയിലില്ല. പൂരത്തിന് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നില്ല. പൂരത്തിന് മുന്നോടിയായ ചടങ്ങിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

 

 ആരോഗ്യ പ്രശ്‌നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. എഴുന്നെള്ളിപ്പില്‍ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ക്കുള്ളത്.