Tuesday 19 March 2024




പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങില്‍ ചൈനീസ് സൈന്യം ഇറങ്ങി

By online desk .18 Nov, 2019

imran-azhar

 

 

ഹോങ്കോങ്: ജനാധിപത്യ പ്രക്ഷോഭം നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിയാതെ വന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങില്‍ ചൈനീസ് സൈന്യം ഇറങ്ങി. പ്രക്ഷോഭം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഹോങ്കോങ്ങില്‍ ചൈനസൈന്യത്തെ വിന്യസിച്ചത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി മാത്രം ശീലിച്ച ചൈനയുടെ നീക്കം ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ നേരിടാന്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ചൈനീസ് സൈന്യം ഇറങ്ങിയത്.


മാസങ്ങളായി തുടങ്ങിയ ചൈന വിരുദ്ധ പ്രക്ഷോഭം നിയന്ത്രിക്കാന്‍ ഹോങ്കോങ് പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് സൈന്യം രംഗത്തെത്തിയത്. എന്നാല്‍ പ്രക്ഷോഭത്തില്‍ ഹോങ്കോങ് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൈനീസ് സൈന്യം പറയുന്നു. ഹോങ്കോങ്ങില്‍ സജ്ജമാക്കിയ താത്കാലിക ക്യാംപില്‍ എത്തിയ സൈനികര്‍ പ്രക്ഷോഭകര്‍ താറുമാറാക്കിയ റോഡുകളിലെ തടസങ്ങള്‍ മാറ്റുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും നീക്കുകയുമാണ് ചെയ്തത്. ചൈനീസ് നിയമം അനുസരിച്ച് സൈന്യത്തിന് സ്വമേധയാ ഇങ്ങനെ ഇറങ്ങി പ്രവര്‍ത്തിക്കാനാകില്ല. അതിന് പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യര്‍ത്ഥന ഉണ്ടായിരിക്കണം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും ഹോങ്കോങ്ങില്‍ നിന്ന് സഹായ അഭ്യര്‍ത്ഥന ഉണ്ടായിട്ടില്ല. എന്നാല്‍ ഹോങ്കോങ്ങിലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി ജോണ്‍ ലീ കാ ചിയു സൈന്യത്തെ വിളിക്കുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ഹോങ്കോങ് പൗര•ാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെയാണ് ഹോങ്കോങ്ങില്‍ ജനകീയ പ്രക്ഷോഭം തുടങ്ങിയത്.