Sunday 07 June 2020




മാലദ്വീപിന് കൈത്താങ്ങുമായി ഇന്ത്യ; 6.2 ടൺ അവശ്യവസ്തുക്കൾ വ്യോമസേന മാലദ്വീപിലെത്തിച്ചു

By Sooraj Surendran .03 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മാലദ്വീപിന് സഹായഹസ്തവുമായി ഇന്ത്യ. 6.2 ടൺ അവശ്യവസ്തുക്കൾ വ്യോമസേന മാലദ്വീപിലെത്തിച്ചു. ഓപ്പറേഷൻ സഞ്ജീവനി എന്ന് പേരിട്ട ദൗത്യത്തിന് കരസേനയുടെയും പിന്തുണയുണ്ടായിരുന്നു. വ്യോമസേനയുടെ ചരക്ക് വിമാനമായ സി-130 വിമാനത്തിലാണ് ആവശ്യവസ്തുക്കൾ മാലദ്വീപിലേക്കെത്തിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്രയും സാധനങ്ങൾ മാലദ്വീപിലേക്ക് കൊണ്ടുപോയത്. ഇൻഫ്ളൂവെൻസ വാക്സിനുകൾ, ഇന്ത്യയിൽ കൊറോണ ചികിത്സയ്‍ക്കായി ഉപയോഗിക്കുന്ന ലോപിനാവിർ, റിടോനാവിർ തുടങ്ങിയ ആന്റി വൈറൽ മരുന്നുകൾ, കത്തീറ്ററുകൾ, നെബുലൈസർ, യൂറിൻ ബാഗുകൾ, ഇൻഫന്റ് ഫീഡിങ് ട്യൂബ്, ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ, പ്രമേഹം, അലർജികൾ, കാൻസർ, സന്ധിവാതം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് വ്യോമസേന ഇവിടേക്കെത്തിച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ വിതരണക്കാർക്ക് ഇവ കയറ്റുമതി ചെയ്യാൻ സാധിക്കാതെ വന്നത്.