By Priya.26 May, 2022
ന്യൂഡല്‍ഹി : സ്വന്തം മക്കള്‍ക്കായി നിത്യജീവിതത്തിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഏതച്ഛനും സഹിക്കുമെന്ന് മനസിലാക്കി തരുന്നതാണ് ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥ പങ്കുവെച്ച വീഡിയോ. ഇതാണ് അച്ഛന് എന്ന തലക്കുറിപ്പോടെയാണ് പ്രേരണാ ദായകമാണെന്ന് കാണിക്കുന്ന സമൂഹമാദ്ധ്യമ വീഡിയോ ഐഎഎസ് ഓഫീസര്‍ സോനാല്‍ ഗോയല്‍ പങ്കുവെച്ചത്. ഒരു വ്യക്തി തന്റെ മക്കളെ മുച്ചക്ര വാഹനത്തില്‍ സ്കൂളില്‍ കൊണ്ടുപോകുന്ന ഒരു വീഡിയോ ആണിത്.
ആ പ്രദേശവാസികള്‍ക്ക് എല്ലാ ദിവസത്തേയും പതിവു കാഴ്ചയായിരിക്കാം.ദിവ്യാംഗനായ വ്യക്തിയും താന്‍ ഒരു പിതാവാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന കാഴ്ചയാണിത്. മക്കളുടെ കാര്യത്തില്‍ എത്ര ഉത്തരവാദിത്വമാണോ അത് തനിക്കും ബാധകമാണെന്നും ആ അച്ഛന് തിരിച്ചറിയുന്നു. ഈ ഒരു കടമയല്ലേ ആ സാധാരണക്കാരന്റെ പരിശ്രമത്തില്‍ നിന്ന് നാം തിരിച്ചറിയേണ്ടതെന്നാണ് സോനാല്‍ ചോദിക്കുന്നത്.
കൈകള്‍കൊണ്ട് പെഡല്‍ ശക്തിയായി തിരിച്ചാല്‍ മാത്രം ഓടുന്ന മുച്ചക്രവാഹനത്തിലെ യാത്രയാണ് യാദൃശ്ചികമായി സോനാലിന്റെ ശ്രദ്ധയില്‍പെട്ടത്. ദിവ്യാംഗനായ ഒരു വ്യക്തി ശക്തിയായി ഒരു കൈകൊണ്ട് തിരിച്ച് ചലിപ്പിച്ചുകൊണ്ടാണ് ഒരു മുച്ചക്ര സൈക്കിള്‍ ഓടിക്കുന്നത്. മറുകൈകൊണ്ട് ആ സൈക്കിളിന്റെ പിടിയില്‍ പിടിച്ചിരിക്കുന്നു. സൈക്കിളിന്റെ മുന്നില്‍ തന്റെ മടിയില്‍ ഇളയ മകനേയും പിന്നിലെ തട്ടില്‍ മൂത്തമകളേയും സ്ക്കൂളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യം.
ഒരു പിതാവിന്റെ മക്കളോടുള്ള സ്നേഹവും ഉത്തരവാദിത്ത്വവും ഒറ്റ ഈ സംഭവത്തിലൂടെ നാം തിരിച്ചറിയുന്നു. നാം ജീവിതമൂല്യങ്ങളും പഠിക്കുന്നത് സാധാരണക്കാരില്‍ നിന്നാണെന്നും സോനാല്‍ ഗോയല്‍ പറയുന്നു.